മദ്റസ: ബാലാവകാശ കമ്മിഷൻ നിർദേശം ഭരണഘടനാവിരുദ്ധം
മദ്റസ: ബാലാവകാശ കമ്മിഷൻ നിർദേശം ഭരണഘടനാവിരുദ്ധം
മദ്റസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്നും മദ്റസാ ബോർഡുകൾ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങൾക്ക് കത്തയച്ചിരിക്കുകയാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ. മദ്റസകളിലെ വിദ്യാഭ്യാസ രീതി 2009ലെ വിദ്യാഭ്യാസ നിയമം നിഷ്കർഷിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങൾ ഹനിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്റസാ ബോർഡുകൾ പിരിച്ചുവിടണമെന്ന് ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ കമ്മിഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ ആവശ്യപ്പെട്ടിരിക്കുന്നത്. മദ്റസകൾ വിദ്യാർഥികളുടെ അവകാശങ്ങൾ ഹനിക്കുന്നത് സംബന്ധിച്ച് 11 അധ്യായങ്ങളുള്ള റിപ്പോർട്ട് കമ്മിഷൻ തയാറാക്കിയിട്ടുണ്ടെന്നും അതിലെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കിയാണ് ഈ നിർദേശമെന്നും കത്തിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്റസകളിൽ പഠിക്കുന്ന അമുസ് ലിം വിദ്യാർഥികളെ മറ്റേതെങ്കിലും സ്കൂളുകളിലേക്ക് മാറ്റണമെന്നും അംഗീകാരമുള്ളതോ അല്ലാത്തതോ ആയ മദ്റസകളിൽ പഠിക്കുന്ന മുസ് ലിം വിദ്യാർഥികളെ മറ്റേതെങ്കിലും സ്കൂളുകളിൽകൂടി ചേർക്കണമെന്നും കത്തിൽ പറയുന്നു.
കമ്മിഷൻ റിപ്പോർട്ടിനെ സംഘ്പരിവാർ ആരോപണങ്ങളുടെ ഔദ്യോഗികരൂപമെന്ന് മാത്രമേ വിളിക്കാനാവൂ. കുട്ടികളുടെ അവകാശസംരക്ഷണമല്ല, തികഞ്ഞ വർഗീയതയും മുസ് ലിം വിരുദ്ധതയുമാണ് റിപ്പോർട്ടിലുടനീളമുള്ളത്. ഏകദൈവ വിശ്വാസമെന്ന ഇസ് ലാമിന്റെ അടിസ്ഥാന വിശ്വാസത്തെപ്പോലും ചോദ്യം ചെയ്യുന്നതാണ് റിപ്പോർട്ട്. ഒപ്പം മദ്റസകൾ പീഡനത്തിന്റെ കേന്ദ്രങ്ങളാണെന്ന സംഘ്പരിവാർ കള്ളം റിപ്പോർട്ട് ഒരു തെളിവുമില്ലാതെ ആവർത്തിക്കുകയും ചെയ്യുന്നു. പാകിസ്ഥാനിൽ അച്ചടിച്ച പാഠപുസ്തകങ്ങളാണ് മദ്റസകളിൽ പഠിപ്പിക്കുന്നതെന്ന കള്ളവും റിപ്പോർട്ട് പ്രചരിപ്പിക്കുന്നുണ്ട്. മദ്റസകളിൽ പഠിക്കുന്ന ഹിന്ദു വിദ്യാർഥികളുടെ കണക്കുകൾ സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പട്ടികയായി ചേർത്തിട്ടുണ്ട്.
ഈ കത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ പറയുന്ന വാക്കുകൾതന്നെ കമ്മിഷൻ ചെയർമാന്റെ മുസ് ലിം വിരുദ്ധത വ്യക്തമാണ്. മദ്റസകളിൽ ഹിന്ദുക്കളും പഠിക്കുന്നുണ്ടെന്നും ഹിന്ദുക്കളെ ഇസ് ലാമിനെക്കുറിച്ച് പഠിപ്പിക്കാൻ സർക്കാർ ഫണ്ട് നൽകേണ്ടതുണ്ടോയെന്നുമാണ് ചെയർമാൻ ചോദിക്കുന്നത്. നിങ്ങൾ കോടതിയിൽ പൊയ്ക്കോളൂ, ആരു ജയിക്കുമെന്ന കാണാമെന്നും വെല്ലുവിളിക്കുകയും ചെയ്യുന്നു. പൊതുവിദ്യാഭ്യാസത്തിന് അവസരങ്ങൾ കുറവുള്ള ചില മേഖലകളിൽ മദ്റസകളെയാണ് വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത്. അതിൽ മതഭേദമില്ല. തങ്ങളുടെ മക്കൾ മദ്റസകളിൽപ്പോയി വിദ്യാഭ്യാസം നേടുന്നതിനെ ഇതരമതസ്ഥരായ മാതാപിതാക്കൾ തെറ്റായി കാണുന്നുമില്ല. പക്ഷേ സംഘ്പരിവാറിനാണ് പരാതി.
ഉത്തർപ്രദേശിൽ തന്നെ 120 വർഷമായി പ്രവർത്തിക്കുന്ന മദ്റസകളുണ്ട്. 17 ലക്ഷം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നതെന്നാണ് കണക്ക്. ഇതിൽ സർക്കാർ അംഗീകാരമുള്ള 16500 മദ്റസകളുണ്ട്. ഇതിൽ 500 എണ്ണത്തിന് സർക്കാർ ഫണ്ടും കൊടുക്കുന്നുണ്ട്. ഇതേപോലെ ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇത്തരം മദ്റസകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ പ്രത്യേക മദ്റസാ ബോർഡോ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മദ്റസകളോ ഇല്ലാത്തതിനാൽ ബോർഡുകൾ പിരിച്ചുവിടണമെന്ന നിർദേശം ബാധിക്കില്ല. സർക്കാർ ശമ്പളം നൽകുന്ന മദ്റസാധ്യാപകരും കേരളത്തിലില്ല. എന്നാൽ, കേരളത്തിലെ പാവപ്പെട്ട മദ്റസാധ്യാപകർക്കുവേണ്ടി രൂപീകരിച്ച ക്ഷേമനിധിയെക്കുറിച്ചാണ് കമ്മിഷന്റെ ആക്ഷേപം. കേരളത്തിൽ സർക്കാരിനുകീഴിൽ മദ്റസകളില്ലെന്നാണ് പറയുന്നതെങ്കിലും നിരവധി മദ്റസകൾ പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുണ്ടെന്ന് കമ്മിഷൻ പറയുന്നു. മദ്റസാധ്യാപകർക്കുവേണ്ടി ക്ഷേമനിധിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞെന്നും അധ്യാപകരും മദ്റസകളും അതിലേക്ക് 50 രൂപ വീതം അടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു മതവിഭാഗത്തിനുള്ള പദ്ധതിയുടെ ഭാഗമാകുന്നത് എന്തിനാണെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചുവെന്നും മദ്റസകളിൽ പീഡനം നടക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ടെന്നും ബാലാവകാശ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ക്ഷേമനിധി അധ്യാപകരിൽനിന്ന് പിരിക്കുന്ന തുകയിൽനിന്ന് പെൻഷൻ നൽകാനാണ് ഉപയോഗിക്കുന്നത്. മദ്റസാധ്യാപർക്ക് സർക്കാർ ശമ്പളം നൽകുന്നില്ല. ക്ഷേമനിധിയിൽ മദ്റസ മാനേജ്മെന്റും മദ്റസയിലെ അധ്യാപകരും അംഗങ്ങളാണ്. ഇരു കൂട്ടരും ഇതിൽ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഈ പണം സൂക്ഷിക്കുന്നത് സർക്കാർ ട്രഷറിയിലാണ്. ഇതിന്റെ പലിശപോലും മതവിരുദ്ധമായതിനാൽ ക്ഷേമനിധിയിലേക്ക് വാങ്ങാറുമില്ല. ക്ഷേമനിധി രൂപീകരിച്ചു നൽകിയപ്പോൾ കോർപ്പസ് ധനം സർക്കാർ നൽകിയിട്ടുണ്ട്. ഇതല്ലാതെ ഒരു ഫണ്ടും സർക്കാരിന്റേതില്ല. സംസ്ഥാനത്ത് മദ്റസകൾ പ്രവർത്തിക്കുന്നത് അതത് മഹല്ല് കമ്മിറ്റികൾക്ക് കീഴിലാണ്.
കേരളത്തിൽ കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നേടുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെയാണ്. കാലത്തോ വൈകിട്ടോ ഏതാനും മണിക്കൂർ മാത്രമാണ് അവർ മദ്റസകളിൽ മതവിദ്യാഭ്യാസം നേടുന്നത്. ഉത്തരേന്ത്യയിലെ മദ്റസകൾ വ്യത്യസ്തമാണ്. അവിടെ മദ്റസകൾ മുഴുസമയമാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനുശേഷം മദ്റസകളുടെ നിലവാരമുയർത്താനും അവിടെ ഇംഗ്ലിഷ്, കണക്ക്, സയൻസ് പോലുള്ള വിഷയം പഠിപ്പിക്കാനും സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ബാലാവകാശ കമ്മിഷൻ ഉത്തരവിന്റെയും റിപ്പോർട്ടിന്റെയും നൈതികതയും ഉദ്ദേശ്യവുമാണ് പ്രധാന പ്രശ്നം. ഒന്നാമതായി, മദ്റസകൾ അടച്ചുപൂട്ടണമെന്ന നിർദേശം മതംപഠിപ്പിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണ്. ബാലാവകാശ കമ്മിഷന് ഇത്തരത്തിൽ നിർദേശം പുറപ്പെടുവിക്കാനുള്ള അധികാരമുണ്ടോയെന്നതാണ് അടുത്ത ചോദ്യം. ഭരണഘടനാപരമായ അവകാശങ്ങളെ എടുത്തുമാറ്റാൻ ബാലാവകാശ കമ്മിഷൻ പോലുള്ള ഒരു ഏജൻസിക്കും കഴിയില്ല. ഉത്തർപ്രദേശ് ഹൈക്കോടതി ഉത്തർപ്രദേശ് മദ്റസ ബോർഡ് ഓഫ് എജുക്കേഷൻ നിയമം റദ്ദാക്കിയിരുന്നു. സുപ്രിംകോടതി ഇത് സ്റ്റേ ചെയ്തിരിക്കുകയാണ്.
സ്വന്തം കുട്ടികൾക്ക് മതവിദ്യാഭ്യാസം നൽകാനുള്ള അവകാശം ഹനിക്കാനുള്ള ബാലാവകാശ കമ്മിഷന്റെ നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കും. മദ്റസാ ബോർഡുകൾക്ക് സർക്കാർ ഫണ്ട് കൊടുക്കുന്നത് വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു വേണ്ടിയാണ്. പാഠ്യപദ്ധതിയിലോ പാഠ്യേതര പദ്ധതികളിലോ പോരായ്മകളുണ്ടെങ്കിൽ പൂട്ടിക്കെട്ടുകയല്ല, അത് തിരുത്തുകയാണ് വേണ്ടത്.
കടപ്പാട്





