പണ്ഡിത ശ്രേണിയിലെ മാതൃകാ പ്രതിഭ
പണ്ഡിത ശ്രേണിയിലെ മാതൃകാ പ്രതിഭ
✍️ ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ
തെക്കൻ കേരളത്തിലെ മുസ്ലിം ഉമ്മത്തിൻ്റെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയുടെ അമരക്കാരിൽ പ്രമുഖനും കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറുമാണ് കടക്കൽ അബ്ദുൽ അസീസ് മൗലവി . സംഘാടന സവിശേഷതകൾ ഒത്തിണങ്ങി സർവാംഗ സമർപ്പിതനായി പൊതു രംഗത്തു നിറഞ്ഞു നിൽക്കുന്ന അദ്ദേഹം ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയുടെ ജീവിച്ചിരിക്കുന്ന നേതാക്കളിൽ ഏറ്റവും കൂടുതൽ അനുഭവസമ്പത്തും കാലപ്പഴക്കവുമുള്ള നേതാവാണ് . ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയോടു ബന്ധപ്പെട്ട് തൻ്റേതായ കൈയൊപ്പ് ചാർത്താത്ത ഒന്നും തന്നെ ഇല്ല . അതിന്യൂതന സംവിധാനങ്ങളോടെ സ്തുത്യർഹമായി പ്രവർത്തിക്കുന്ന ജാമിഅ മന്നാനിയ്യ ഇസ്ലാമിയ്യ എന്ന തെക്കൻ കേരളത്തിലെ പ്രൗഢഗംഭീരമായ വിദ്യഭ്യാസ സമുഛയവും അനുബന്ധ സ്ഥാപനങ്ങളും ഇന്നു കാണും വിധം മാറ്റിയെടുത്തതിൻ്റെ പിന്നിൽ കടക്കലുസ്താദിൻ്റെ പങ്ക് വിലപ്പെട്ടതും ഗണ്യവുമാണ് .
പദവികൾ ആലങ്കാരികമായി പേരിനൊപ്പം ചേർത്തു വെക്കുന്നതിനു പകരം അത് അർഥസമ്പൂണ്ണമാക്കേണ്ടതും അമാനത്തുമാണ് എന്ന ശ്രദ്ധേയമായ തത്വം തൻ്റെ ജീവിത നാൾവഴികളിൽ കൂടി പ്രയോഗവൽകരിച്ച് മാത്യകാ ജീവിതം ചിട്ടപ്പെടുത്തിയ ഇതിഹാസ പുരുഷൻ തന്നെയാണ് കടക്കൽ അബദുൽ അസീസ് മൗലവി . തൻ്റെ വാചക ശകലങ്ങൾ പൊതുജന പ്രയോജനകരവും ആരുടേയും മനസിനു മുറിവേൽപ്പിക്കാത്തതുമാ കണമെന്നുമുള്ള നിർബന്ധം എല്ലായ്പ്പോഴും കടക്കൽ ഉസ്താദിനുണ്ടു് .
അവധാനതയോടെ വിഷയങ്ങളെ സമീപിക്കുമ്പോൾ തന്നെ ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുന്നതിനു അദ്ധേഹത്തിൻ്റെ അവശതകളോ മറ്റോ ഒരിക്കൽ പോലും തടസ്സമാകാറില്ല , അർപ്പണ മനോഭാവവും സഹിഷ്ണുതയും തികഞ്ഞ ക്ഷമയും തന്നെയാണ് ഒരു പൊതു പ്രവർത്തകന് അനിവാര്യമായത് എന്ന് ജീവിതം കൊണ്ടു തെളിയിച്ച മഹത് വ്യക്തിത്വം തന്നെയാണ് അദ്ദേഹം .
ഒരു പൊതു പ്രവർത്തകൻ എങ്ങനെയാകണം എന്നതു താൻ നടന്നു നീങ്ങിയ നാൾവഴികളിലൂടെ കൃത്യമായി വായിച്ചെടുക്കാൻ കഴിയുമാറു് ചിട്ടപ്പെടുത്തിയതാണ് കടക്കലുസ്താദിൻ്റെ ജീവിതം . അനുപമ സംഘാടകൻ എന്നതാണ് അദ്ധേഹത്തെ സംബന്ധിച്ച എറ്റവും നല്ല വിശേഷണം .
വെറുപ്പിൻ്റേയും വിദ്വേഷത്തിൻ്റേയും അന്യ മതനിന്ദയുടേയും തേർവാഴ്ച പ്രബുദ്ധ കേരളത്തിൽ പോലും നാൾക്കുനാൾ ശതഗുണീഭവിച്ചു് അരങ്ങു തകർക്കുമ്പോൾ മതേതരത്വത്തിനും മാനവതക്കും വേണ്ടി സമരമുഖത്ത് നേതൃത്വം നൽകുന്നതടക്കമുള്ള ഒട്ടനവധി വിഷയങ്ങളിൽ തൻ്റേതായ ഇടപെടലുകൾ നിർണായകം തന്നെയാണ്
താൻ പ്രതിനിധാനം ചെയ്യുന്ന ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ എന്ന സുന്നീ പ്രസ്ഥാനത്തോട് അളവറ്റ ആത്മാർഥത പുലർത്തുമ്പോൾ തന്നെ സുന്നത്തു ജമാഅത്തിൻ്റെ മറ്റു സംലടനകളോടു സമദൂരം പാലിക്കാനും അവയുടെ നേതൃനിരയെ ആദരിക്കാനും തയ്യാറാകുന്നതോടൊപ്പം തന്നെ തൻ്റെ പ്രത്യയശാസ്ത്രത്തിൻ്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങി നിന്നുകൊണ്ടു് മറ്റു സാമുദായിക സംഘടനകളോട് സൗന്ദര്യകരമായ അകലം പാലിക്കാനും കഴിയുന്നു എന്നതു അദ്ധേഹത്തിൽ എടുത്തു പറയാവുന്ന പ്രത്യേക തന്നെയാണ് . മതബോധം കത്തിനിൽക്കുന്ന വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ മതങ്ങൾക്ക് അതീതമായി മനുഷ്യർ തമ്മിലുള്ള അകലം ഇല്ലാതാക്കി പാരസ്പര്യം കാത്തു സൂക്ഷിക്കാൻ തൻ്റെ ജീവിതം തന്നെ മാതൃകയാക്കി മാറ്റുന്ന ഒരു മതാചാര്യനെ കടക്കലുസ്താദിൽ കൂടി നമുക്കു ദർശിക്കാവുന്നതാണ് . മത വൈജ്ഞാനിക മേഖലയിൽ തൻ്റേതായ പ്രവർത്തനമേഖല കേന്ത്രീകരിക്കുമ്പോൾ തന്നെ ഇടതു വലതുഭേദമന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ഗണ്യമായ അടുപ്പം കാത്തുസൂക്ഷിക്കുകയും മുസ്ലിം ഉമ്മത്തിൻ്റെ അവകാശ സംരക്ഷണത്തിനു വേണ്ടി പ്രയത്നിങ്ങുന്ന സയ്യിദന്മാർ എന്ന നിലയിൽ പാണക്കാടു കുടുംബത്തോട് അളവറ്റ ആദരവും സ്നേഹവുമാണ് കടക്കൽ ഉസ്താദ് നിലനിർത്തി പോരുന്നത് . സമുദായത്തിനു അവകാശപ്പെട്ടതു നേടിയെടുക്കാനാവും വിധം മുഖ്യമന്ത്രിമാർ അടക്കമുള്ള മുൻനിര നേതാക്കളടക്കമുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിയുമാറു് ഈടുറ്റ ബന്ധം അവരുമായി സ്ഥാപിക്കാനും അതു കാത്തുസൂക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ടു് .
ആകർശണീയമായ പുഞ്ചിരിയോടെ തന്നിൽ നിന്നും പ്രവഹിക്കുന്ന സ്നേഹജ്വാല ഒരു പ്രത്യേക വിഭാഗത്തിൽ പരിമിതപ്പെടുത്താതെ മുഴുവൻ മനുഷ്യരിലേക്കും വ്യാപിപ്പിക്കുവാനും അവരെ തന്നിലേക്ക് അടുപ്പിക്കുന്ന കാന്തികവലയമായി മാറ്റാനും അദ്ധേഹം പ്രത്യേകം ശ്രദ്ധിക്കുന്നതായി നമുക്കു കാണാം . ജാതിമത ഭേദമന്യേ സർവ്വരോടും സ്നേഹവും പാരസ്പര്യവും നിലനിർത്തുന്നത് ജീവിത ദൗത്യമായി കണക്കാക്കുകയും വിശിഷ്യാ സഹോദര സമുദായ മതാചാര്യന്മാരോടു കടക്കലുസ്താദിൻ്റെ സമീപനം മാതൃകാപരവും പ്രശംസനീയവും തന്നെയാണ് .
കഴിഞ്ഞ തലമുറക്കു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്ത നിലയിൽ അരനൂറ്റാണ്ട് പ്രഭാഷണ കലകൊണ്ടു് പ്രസിദ്ധനായ അദ്ദേഹം തൻ്റെ വാക്ധോരണികൾ കൊണ്ടു് പ്രഭാഷണ വേദികളിൽ വിസ്മയം സൃഷ്ടിക്കുകയും എന്നാൽ സന്ദർഭത്തെ തിരിച്ചറിഞ്ഞ് അനിവാര്യമായത് മാത്രം ലളിതവും സരളവുമായ ഭാഷയിൽ തൻ്റെ ഭാഷണങ്ങളിൽ ഉൾപ്പെടുത്തുകയും തൻ്റേതായ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിൽ ആരുടേയും ഇഷ്ടാനിഷ്ടങ്ങൾ മുഖവിലക്കെടുക്കാതിരിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിൻ്റെ വേറിട്ട രീതീശാസ്ത്രം തന്നെയാണ് .
താൻ പ്രതിനിധാനം ചെയ്യുന്ന ഇസ് ലാമിക പ്രത്യയശാസ്ത്രത്തെ തൻ്റേതായ അവതരണ ശൈലിയിൽ തുറന്നടിക്കുമ്പോഴും തൻ്റെ ഭാഷണശകലം മതമൈത്രിക്കോ മാനവതക്കോ മങ്ങലേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടു് . പരമപ്രധാന പ്രവർത്തനമേഖല ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയും അനുബന്ധ സംവിധാനങ്ങളുമാണെങ്കിൽ തന്നെയും അതിനപ്പുറത്ത് സർവ്വതല സ്പർശിയായ അദ്ധേഹം അസാധ്യമായി ഒന്നുമില്ല എന്നു ജീവിതം കൊണ്ടു തെളിയിച്ച് സമകാലീനരിൽ വിസ്മയം സൃഷ്ടിക്കുന്ന അസാധാരണ പ്രതിഭ തന്നെയാണ് . ഒരു പുരുഷായുസ്സ് മുഴുവനും ഇസ്ലാമിക പ്രസ്ഥാനങ്ങൾക്കു വേണ്ടി ഉഴിഞ്ഞുവെച്ച അദ്ധേഹം ഏറ്റെടുക്കുന്ന ദൗത്യം ഏതായിരുന്നാലും അതു പൂർത്തീകരിക്കുന്നതു വരെ അവിരാമം ഊർജ്ജസ്വലനായി അതോടൊപ്പം തന്നെയുണ്ടാകും . ഈടുറ്റ ഉറച്ച കാൽവെപ്പുകൾക്കും പതറാത്ത ദൃഢനിശ്ചയത്തിനും മുന്നിൽ ഒരിക്കൽ പോലും തൻ്റെ പ്രായമോ അവശതകളോ പ്രതിബന്ധമാകാറില്ല .
ഒരേ പള്ളിയിൽ നീണ്ട ആറു പതിറ്റാണ്ടു് ഇമാമായി സേവനമനുഷ്ടിക്കുക എന്ന പ്രത്യേകത വർത്തമാന കാല സാഹചര്യത്തിൽ ഒരു പക്ഷെ കൊല്ലം ജോനകപ്പുറം വലിയപള്ളി ഇമാമായ കടക്കൽ ഉസ്താദിനു മാത്രമുള്ള പ്രത്യേകതയാകാം . ജോനകപ്പുറം വലിയപള്ളിയിൽ കാലങ്ങളായി നടന്നു വന്നിരുന്ന പാരമ്പര്യ ഇമാം എന്ന വ്യവസ്ഥക്കു മാറ്റം വരുത്തി പ്രാപ്തനും പക്വമതിയുമാകണം മഹല്ല് ഇമാം എന്ന കാഴ്ചപ്പാടിൽ പൗരപ്രമുഖരും മഹല്ലു നിവാസികളും ചേർന്ന് 1962 ൽ കണ്ടെത്തിയ വ്യക്തിത്വമായിരുന്നു കടക്കൽ അബ്ദുൽ അസീസ് മൗലവി . പൊതുസമ്മതനും പ്രായത്തിൽ കവിഞ്ഞ പക്വതയും കുട്ടിക്കാലം മുതൽക്കേ പ്രഭാഷണ രംഗത്തു പതിപ്പിച്ച വ്യക്തിമുദ്രയും തികഞ്ഞവിനയവും ലാളിത്യവും ഒക്കെ തന്നെയായിരുന്നു വെറും ഇരുപത്തി മൂന്നു വയസ്സ് മാത്രം പ്രായമുള്ള വിദ്യാർഥിയായ അബ്ദുൽ അസീസ് മൗലവിയെ ഇത്ര വലിയ പതവിയിലേക്ക് അവരോധിക്കുവാൻ അവർ കണ്ടെത്തിയ യോഗ്യതകൾ . തലമുറകൾ പലതു മാറി വന്നിട്ടും അവരുടെയെല്ലാം ഗുരുവും മാർഗദർശിയുമായി ഇന്നും അദ്ദേഹം ജോനകപ്പുറം വലിയപള്ളിയിൽ തന്നെ സർവ്വസമ്മതനായി സേവനമനുഷ്ഠിച്ചു വരുന്നു .
കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് , ദക്ഷിണ കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി , ജാമിഅ മന്നാനിച്ച ഇസ്ലാമിയ്യ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി , പാങ്ങോട് മന്നാനിയ്യ ആർട്ട്സ് ആൻറ് സയൻസ് കോളജ് മാനേജർ , ഹജ്ജ് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ നിലവിൽ വഹിച്ചു വരുന്നു , മുൻ വഖഫ് ബോർഡ് അംഗം , പാലോളി കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു .
കൊല്ലം ജില്ലയിലെ കടക്കൽ പുതുക്കോടിനടുത്ത മാങ്കോട് എന്ന ഗ്രാമത്തിൽ മർഹൂം കൊച്ചലി ലബ്ബ – ഹാജിറ ബീവി ദമ്പതികളുടെ പന്ത്രണ്ടു മക്കളിൽ അഞ്ചാമനായി 1939 ജനിച്ച അദ്ദേഹം പ്രാഥമിക പഠനം നടത്തിയത് കുമ്മിൾ ഗവൺമെൻറ് ഹൈസ്കൂളി ലായിരുന്നു . അടിസ്ഥാനപ രമായി അറബ് വംശജനും യമനിലെ ഹള്റമൗത്ത് എന്ന സ്ഥലത്തു നിന്നും ദീനീ പ്രബോധന ദൗത്യവുമായി കേരളത്തിൽ വന്നവരുടെ പിൻതലമുറക്കാരൻ എന്ന നിലയിലും മതപഠനമേഖലയിലേക്കു തന്നെ തിരിയാനായിരുന്നു തൻ്റേയും കുടുംബത്തിൻ്റേയും ആഗ്രഹം , വിശിഷ്യാ കർമ്മശാസ്ത്രത്തിലും തസവ്വുഫിലും അഗാധ പാണ്ഡിത്യം നേടിയ മാതൃസഹോദരൻ അൽഹാജ് പി എച്ച് മുഹമ്മദ് മുസ്ഥഫ മൗലവിയുടെ പ്രേരണയും മതപഠന രംഗത്തേക്കു തിരിയുവാൻ മുഖ്യ കാരണമായി . തെക്കൻ കേരളത്തിലെ പ്രസിദ്ധ മതപഠന കേന്ദ്രമായ വളവുപച്ച സിറാജുൽ ഇസ്ലാം അറബിക് കോളജിൽ പ്രഗൽഭ പണ്ഡിതനായ മുസ്ഥഫാ ഇബ്രാഹീം ഉസ്താദ് അവർകളുടെ അടുത്തു നിന്നും പഠനം ആരംഭിച്ചു പിന്നിടു കണിയാപുരം നിബ്റാസുൽ ഇസ്ലാം അറബിക് കോളജിലും തുടർന്ന് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡൻറും അഗാധ പാണ്ഡിത്യത്തിൻ്റെ ഉടമയും സൂഫീവര്യനുമായ മർഹൂം റഈസുൽ ഉലമാ എം ഷിഹാബുദ്ദീൻ മൗലവിയുടെ അടുത്തു ചേർന്നു പഠിച്ചു , ജീവിതത്തിൻ്റെ എല്ലാ ഉയർച്ചയുടേയും നിദാനവും വഴികാട്ടിയും മഹാനായ ഷിഹാബുദ്ദീൻ മൗലവി തന്നെയായിരുന്നു .ആ കാലഘട്ടത്തിലാണ് കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിനു ശേഷം അറബികൾ നിർമ്മിച്ച കേരളത്തിലെ തന്നെ രണ്ടാമത്തേതും പുരാതനവുമായ മസ്ജിദായ ജോനകപ്പുറം വലിയപള്ളിയിൽ ഇമാമായി നിയോഗിതനായത് .
കല്ലറ പാങ്ങോട് പുലിപ്പാറ അബ്ദുൽ അസീസ് ഹാജിയുടെ മൂത്ത മകൾ ലത്തീഫാബീവിയാണ് ഭാര്യ . കാര്യവട്ടം കേരളാ യൂണിവേഴ്സിറ്റി ഇസ്ലാമിക് ഹിസ്റ്ററി മേധാവി അശ്റഫ് കടക്കൽ മൂത്ത മകനാണ് .
പാങ്ങോട് മന്നാനിയ്യ ആർട്ട്സ് ആൻറ് സയൻസ് കോളജ് സൂപ്രണ്ടും കേരളാ മുസ് ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയും പ്രഭാഷണ ചാരുത , സംഘാടനവൈഭവം , ഉദ്ഗ്രഥന മികവ്
എന്നിത്യാതി നൈസർഗിക മഹത് ഗുണങ്ങൾ സമ്മേളിച്ചതും പിതാവ് തെളിച്ച വഴികൾക്ക് മനോഹാരിത കൂട്ടാൻ പ്രാപ്യനുമായ മത സാമൂഹിക സാംസ്കാരിക രംഗത്തെ കൈരളിയുടെ ശ്രദ്ദ ജുനൈദ് കടക്കൽ ഇളയ മകനുമാണ് . ജുമൈല ബീവി കൊല്ലം , നജീബാ ബീവി ഈരാറ്റുപേട്ട എന്നീ രണ്ടു പെൺമക്കളുമാണ് ഉസ്താദിനുള്ളത് .





