ഉമ്മത്തിനെ സ്നേഹിച്ച നബിﷺ
ഉമ്മത്തിനെ സ്നേഹിച്ച നബിﷺ
ഉമ്മത്തിനെ അതിയായി സ്നേഹിക്കുകയും, അവര്‍ക്ക് പ്രയാസമുണ്ടാകുന്നതില് ഏറെ വേദനിക്കുകയും, അവരുടെ ഇരുലോക വിജയത്തിനായി അക്ഷീണം യത്നിക്കുകയും ചെയ്തവരാണ് മഹാനായ മുഹമ്മദ് നബിﷺ.
അല്ലാഹു പറയുന്നു:
لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾
‘സ്വന്തത്തില്‍ നിന്നു തന്നെയുള്ള ഒരു റസൂല്‍ നിങ്ങളുടെ അടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ പ്രയാസപ്പെടുന്നത് അവിടുത്തേക്ക് അസഹ്യമാണ്. നിങ്ങള്‍ സന്മാര്ഗികളാകുന്നതില് അത്യാഗ്രഹിയുമാണവിടുന്ന്. സത്യവിശ്വാസികളോട് വളരെ അലിവും കനിവുമുള്ളവരാണ്'(തൗബ 128).
ഉമ്മത്ത് ചെറിയ ഒരു പ്രയാസം അനുഭവിക്കുന്നത് പോലും അവിടുത്തേക്ക് അസഹ്യമായിരുന്നു. ചില ഉദാഹരണങ്ങള്‍ നോക്കുക:
🔹 അവിടുന്ന് ഒരിക്കൽ പറഞ്ഞു: എന്റെ ഉമ്മത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കിൽ ഓരോ നിസ്കാരത്തിന് മുമ്പും മിസ്വാക്ക് ചെയ്യാന്‍ അവരോട് ഞാന്‍ കൽപിക്കുമായിരുന്നു. (ബുഖാരി:887)
🔹 റമളാനിലെ ഒരു രാത്രിയില്‍ മദീനാ പള്ളിയില്‍ തിരുനബിﷺയും ചില സ്വഹാബത്തും തറാവീഹ് നിസ്കരിച്ചു. പിറ്റേന്ന് അതറിഞ്ഞ മറ്റു സ്വഹാബികളും പള്ളിയില്‍ വന്നു. മൂന്നാം ദിവസം പള്ളി നിറഞ്ഞു. നാലാം ദിനം പള്ളിയില്‍ സ്ഥലമില്ലാതെയായി. പക്ഷേ അന്ന് നബിﷺ പള്ളിയില്‍ വന്നില്ല. പിറ്റേന്ന് സുബ്ഹി നിസ്കാര ശേഷം നബിﷺ പറഞ്ഞു: ഇന്നലെ ഞാന്‍ വരാതിരുന്നത് നിങ്ങൾ ആളുകള്‍ കൂടിയത് കൊണ്ടല്ല. തറാവീഹ് നിങ്ങള്‍ക്ക് ഫർള് ആക്കപ്പെടുകയും നിർവഹിക്കാൻ നിങ്ങൾക്ക് പ്രയാസമായേകുമെന്ന് ഞാന്‍ ഭയക്കുന്നു. (ബുഖാരി:923)
🔹 അമ്പത് വക്ത് നിസ്കാരം ഉമ്മത്തിന് പ്രയാസമാകരുതെന്ന് കരുതി അഞ്ചാക്കി ചുരുക്കുന്നത് വരെ ഒമ്പത് തവണ മടങ്ങി ചെന്ന് അവിടുന്ന് അല്ലാഹുവിനോട് ആവശ്യപ്പെട്ടു. (ബുഖാരി:3887)
🔹 ഒരുദിനം പാതിരാത്രിയായിട്ടും ഇശാഅ് നിസ്കരിക്കാതെ നബിﷺയെ കാത്തിരുന്ന സ്വഹാബത്തിനോട് അവിടുന്ന് പറഞ്ഞു: എന്റെ ഉമ്മത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കിൽ ഇശാഅ് ഈ സമയത്ത് നിസ്കാരം ഞാന്‍ അവരോട് കൽപിക്കുമായിരുന്നു. (ബുഖാരി:570)
🔸 ഒരിക്കല്‍ അവിടുന്ന് പറഞ്ഞു : എന്റെ സഹോദരങ്ങളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വഹാബത്ത് ചോദിച്ചു: ഞങ്ങൾ അങ്ങയുടെ സഹോദരങ്ങളെല്ലയോ? അവിടുന്ന് പ്രതിവചിച്ചു : അല്ല. നിങ്ങൾ എന്റെ അനുചരൻമാരാണ്. എന്റെ സഹോദരങ്ങൾ എന്നെ വിശ്വസിക്കുന്ന എന്നെ കണ്ടിട്ടില്ലാത്ത പിന്നീട് വരുന്നവരാണ്. നാളെ ഹൗളിനരികിൽ അവരെ ഞാൻ കാത്തിരുക്കും. (സ്വഹീഹ് മുസ്ലിം,അഹ്മദ് ).
🔸 ഒരു സന്ദർഭത്തിൽ അല്ലാഹു നബിﷺയോട് മൂന്ന് ആവശ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞു : അവിടുന്ന് പ്രാർത്ഥിച്ചു : ‘അല്ലാഹുവെ എന്റെ ഉമ്മത്തിന് പൊറുത്തു കൊടുക്കേണമെ!. രണ്ടാമതും ദുആ ചെയ്തു. ‘അല്ലാഹുവെ എന്റെ ഉമ്മത്തിന് പൊറുത്തു കൊടുക്കേണമെ!. പിന്നെ അവിടുന്ന് പറഞ്ഞു: മൂന്നാമത്തെ പ്രാർത്ഥന ഇബ്റാഹീം നബി(അ) അടക്കം എല്ലാ ജനങ്ങളും എന്നെ ആശ്രയിക്കുന്ന ദിവസത്തേക്ക്(ഖിയാമത്ത് നാൾ) പിന്തിപ്പിക്കുന്നു. (മുസ്ലിം:820)
🔸 മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു: “ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാർത്ഥനയുണ്ട്. എല്ലാവരും ആ പ്രാർത്ഥന ദുനിയാവിൽ വെച്ച് ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. എന്റെ പ്രാർത്ഥന അന്ത്യദിനത്തിൽ എന്റെ സമുദായത്തിനു വേണ്ടി ശുപാർശക്ക് മാറ്റി വെച്ചിരിക്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്റെ സമൂഹത്തിലെ ശിർക്ക് ചെയ്യാത്തവർക്ക് അത് ലഭിക്കുന്നതുമാണ്.
(മുസ്ലിം 338)
🌼 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
🌺🌿🌺🌿🌺🌿🌺🌿





